കോഴിക്കോട്: കർണാടകയിലെ ബിഡദിക്കു സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരണമടഞ്ഞ സംഭവത്തിൽ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ.
കോഴിക്കോട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയായെന്നും അപകടത്തിൽപ്പെട്ട ബസിന് വലിയ കാലപ്പഴക്കമില്ലെന്നു വ്യക്തമായതായും മന്ത്രി പറഞ്ഞു. ഡ്രൈവർക്കു മതിയായ വിശ്രമം ലഭിക്കാത്തതാണ് അപകടകാരണമെന്ന ആരോപണം ശരിയല്ല. ഡ്രൈവർ മിഥിലേഷ് ലോംഗ് ട്രിപ്പ് വാഹനം ഓടിച്ചിരുന്ന ആളാണെന്നും 16 മണിക്കൂറുകൾക്കു ശേഷമാണു ഡ്രൈവർ സൈൻ ഓൺ ചെയ്തതെന്നും അദ്ദേഹത്തിന് മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മിഥിലേഷ് താത്കാലിക ജീവനക്കാരനാണ്. പത്തു ലക്ഷം രൂപയാണ് മിഥിലേഷിന്റെ കുടുംബത്തിന് ആശ്വാസധനമായി നൽകാൻ കഴിയുന്നതെന്നും സി.പി. ജോൺ പറഞ്ഞു. ഈ തുക വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ താത്കാലിക ജീവനക്കാരൻ അപകടത്തിൽ മരിച്ചാൽ ആശ്രിതര്‍ക്ക് താല്കാലികമായി ജോലി നല്കുന്ന കാര്യത്തിൽ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കണ്ടക്ടർ കം ഡ്രൈവർ സംവിധാനം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ആ നിർദേശം നല്ലതാണെന്നും മന്ത്രി പറഞ്ഞു.